ഡോക്‌ടറെ കാണാൻ പോകുമ്പോൾ മനസ്സിലൊരുക്കേണ്ട ഒരു ചെക്ക്‌ലിസ്‌റ്റ്,
1) രോഗവിവരങ്ങൾ - എന്താണ് രോഗം? (ചുളുചുളുപ്പ്, കരകരപ്പ്, പൊറുത്യേട് എന്നൊന്നും പറയരുത് പ്ലീസ്). എപ്പോൾ തുടങ്ങി, എപ്പോഴാണ് അധികമാകുന്നത്/കുറയുന്നത്, വേറെ എന്തെങ്കിലും ബുദ്ധിമുട്ട് കൂടെയുണ്ടോ, ഈ രോഗം മുൻപ് ഉണ്ടായിട്ടുണ്ടോ? വേറെ രോഗങ്ങളുണ്ടോ? ഉണ്ടെങ്കിൽ എന്ത് ചികിത്സ എടുത്തു/എടുക്കുന്നു, വീട്ടിലാർക്കെങ്കിലും ഇതേ രോഗമുണ്ടോ? ഇത്രേം ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം മതി തൽക്കാലം. കൂടെ വന്നവരോട് ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ക്വിസ് പ്രോഗ്രാം മാതിരി 'പാസ്' പറഞ്ഞ് കളിക്കരുത്. രോഗവിവരം കുറച്ചെങ്കിലും അറിയുന്നവരാകണം രോഗിയുടെ കൂടെ വരുന്നവർ.
2) ഇതേ രോഗത്തിന് മുൻപ് ചികിത്സ തേടിയിട്ടുണ്ടെങ്കിൽ ആ മരുന്ന് ചീട്ടും ടെസ്‌റ്റ് റിസൾറ്റുകളും തിയ്യതി ക്രമത്തിൽ അടുക്കി വെച്ച ഫയൽ കൈയിലുണ്ടായാൽ ഡോക്‌ടർക്ക് ജോലി പകുതി എളുപ്പമായി. രോഗിക്ക് ഭേദപ്പെട്ട ചികിത്സ കിട്ടാനും ഇതാണ് നല്ലത്.
3) ജീവിതശൈലിരോഗങ്ങളോ ദീർഘകാല ചികിത്സ തേടുന്ന മറ്റ് രോഗങ്ങളോ ഉണ്ടെങ്കിൽ കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയെന്ന് കൃത്യമായി പറഞ്ഞ് കൊടുക്കാനാവണം/മരുന്ന് ചീട്ടോ മരുന്നോ കൈയിൽ കരുതണം.
4) മുൻപ് ശസ്‌ത്രക്രിയകളോ അത് പോലെ പ്രധാനപ്പെട്ട പ്രക്രിയകളോ നടന്നിട്ടുണ്ടെങ്കിൽ വിവരങ്ങൾ കൃത്യമായി പറയാനറിയണം/രേഖകൾ കരുതിയാൽ ഏറ്റവും നല്ലത്. ഡോക്‌ടർ ആവശ്യപ്പെട്ടാൽ കാണിക്കേണ്ടി വന്നേക്കാം.
5) ഏതെങ്കിലും മരുന്നിനോട് അലർജി ഉള്ളതായറിയുമെങ്കിൽ പറയണം.
6) ആദ്യഗർഭത്തിൽ എന്തെങ്കിലും സങ്കീർണത ഉണ്ടായിട്ടുള്ളവർ/മുൻപ് അബോർഷൻ/ചാപിള്ള ഉണ്ടായിട്ടുള്ളവർ/വന്ധ്യതാചികിത്സ കൊണ്ട് ഗർഭമുണ്ടായവർ എന്നിവർ അടുത്ത ഗർഭസമയത്ത് ഈ വിവരങ്ങൾ കരുതണം.
7) എക്‌സ്‌റേകൾ, മുൻപെടുത്ത ഇസിജി, സിടി സ്‌കാൻ, എംആർഐ തുടങ്ങിയവ കുട്ടികൾക്ക് കളിക്കാൻ കൊടുക്കാനുള്ള സാധനമല്ല. പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവരുടെ പഴയ ഇസിജി രോഗമുണ്ടാകുമ്പോൾ കൊണ്ടു വരുന്നത് വളരെ പ്രധാനമാണ്.
8) ദയവ് ചെയ്‌ത് ഏത് സ്‌പെഷ്യാലിറ്റിയിലേക്ക് പോകണമെന്നത് ഒരു ജനറൽ പ്രാക്‌ടീഷ്‌ണറെയോ ഫാമിലി ഫിസിഷ്യനെയോ കണ്ട് അവരെക്കൊണ്ട് റഫർ ചെയ്യിച്ച് തീരുമാനിക്കുക. സൈനസൈറ്റിസിന് ന്യൂറോളജിസ്‌റ്റും ചൊറിച്ചിലിന് ഓർത്തോപീഡിക് സർജനും കാണുന്ന ദുരിതം ഒഴിവാക്കാം. രോഗത്തിന്റെ മേഖലയിലെ വിദഗ്‌ധന്റെ ചികിത്സ ഉറപ്പ് വരുത്താം.
ഇത്രയുമെങ്കിലും ശ്രദ്ധിച്ചാൽ സമയലാഭം മാത്രമല്ല ഗുണം, മെച്ചപ്പെട്ട ചികിത്സ, ആരോഗ്യം എന്നിവയും ഉറപ്പ് വരുത്താം....😊
.
വാൽക്കഷ്‌ണം: ഈ 'കാഷ്വാലിറ്റി' എന്ന് പറയപ്പെടുന്ന 'അത്യാഹിതവിഭാഗം' അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാനുള്ള ഇടമാണ്. പുലർച്ചേ 2.21ന് രക്‌തക്കുറവിന് ഇരുമ്പ്ഗുളിക വാങ്ങാൻ വരുന്നയിടമല്ല,
വാൽക്കഷ്‌ണം: ഈ 'കാഷ്വാലിറ്റി' എന്ന് പറയപ്പെടുന്ന 'അത്യാഹിതവിഭാഗം' അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാനുള്ള ഇടമാണ്. പുലർച്ചേ 2.21ന് രക്‌തക്കുറവിന് ഇരുമ്പ്ഗുളിക വാങ്ങാൻ വരുന്നയിടമല്ല,
No comments:
Post a Comment